വഖഫ് ബിൽ ന്യൂനപക്ഷവിരുദ്ധമെന്ന് രാധാകൃഷ്ണൻ; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കെ. രാധാകൃഷ്ണൻ എംപി ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ അതിനെ എതിർക്കുകയായിരുന്നു സുരേഷ് ഗോപി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ. രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം അതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് കെ. സി. വേണുഗോപാൽ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരൺ റിജിജു പറയുന്നതു കുറ്റബോധം മൂലമാണെന്നും, രാജ്യത്തെ വിഭജിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.